ടെക് ഭീമനായ ആപ്പിൾ കമ്പനിക്കെതിരെ ആപ് സ്റ്റോറിൽ ബിസിനസ് രംഗത്തിന് ചേരാത്ത മോശം പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലെ കോംപറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. ടെക് ലോകത്തെ ആഗോള ഭീമനെതിരെയുള്ള അന്വേഷണം ബിസിനസ് ലോകത്തെയാകെ അമ്പരപ്പിലാക്കിയിട്ടുണ്ട്.
ബിസിനസ് രംഗത്തിന്റെ സന്മാർഗത്തിന് ചേരാത്ത വിധത്തിൽ നിയന്ത്രണങ്ങൾ (Unfair Practices) ആപ്പ് സ്റ്റോറിലെ ആപ്ലിക്കേഷനുകൾക്ക് മേൽ കൊണ്ടുവരുന്നു, ആപ്ലിക്കേഷൻ വിതരണ വിപണിയിൽ മേധാവിത്തം കാട്ടുന്നു തുടങ്ങിയ പരാതികളാണ് ആപ്പിൾ ഇൻകോർപറേറ്റഡിനും ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും എതിരെ ഉയർന്നിരിക്കുന്നത്.
20 പേജുള്ള ഉത്തരവാണ് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ഏജൻസി പുറത്തിറക്കിയത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് ലഭ്യമായ ഒരേയൊരു ആപ്ലിക്കേഷൻ വിതരണ സംവിധാനമാണ് ആപ് സ്റ്റോറെന്നും ഇത് എല്ലാ ഐഫോണികളിലും ഐപാഡുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തവയാണെന്നും ഉത്തരവിലുണ്ട്.
തേർഡ് പാർട്ടി ആപ് സ്റ്റോറുകൾക്ക് ആപ്പിളിലുള്ള വിലക്ക്, ചില സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ നിന്ന് ആപ്ലിക്കേഷനുകളെ വിലക്കുന്ന നടപടി എന്നിവയെല്ലാം കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന് കാരണമായി. തേർഡ് പാർടി ആപ് സ്റ്റോറുകൾക്ക് ഇടമില്ലാത്തത് തന്നെ സിസിഐയുടെ കാഴ്ചപ്പാടിൽ ആരോഗ്യകരമായ വിപണി പ്രവർത്തനങ്ങൾക്ക് തടസമാണ്. അതിനാൽ വരുംദിവസങ്ങൾ ആപ്പിൾ കമ്പനിക്ക് കൂടുതൽ വെല്ലുവിളി നിറഞ്ഞതാവും.