ന്യൂഡല്‍ഹി: മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ഭരണപക്ഷത്തെ എംപിമാര്‍ക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാന്‍ ശ്രമിച്ചെന്നാണ് ആരോപണം. രഹസ്യനീക്കം തിരിച്ചറിഞ്ഞ് മുയിസു പ്രതിരോധിച്ചെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയിലാണ് ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ ‘റോ’യുടെ ഏജന്റ് മാലദ്വീപിലെ പ്രതിപക്ഷ നേതാക്കളെ സമീപിക്കുന്നത്. തുടര്‍ന്ന് പ്രസിഡന്റിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ആറ് മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍നിന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച ‘ഡെമോക്രാറ്റിക് റിന്യൂവല്‍ ഇനിഷ്യേറ്റീവ്’ എന്ന ആഭ്യന്തര രേഖയില്‍, മാലദ്വീപിലെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ മുയിസുവിന്റെ സ്വന്തം പാര്‍ട്ടിയില്‍ (പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്) നിന്നുള്ളവര്‍ ഉള്‍പ്പെടെ 40 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കാന്‍ നിര്‍ദേശിച്ചതായി വെളിപ്പെടുത്തുന്നുണ്ട്.