കൊച്ചി/കോട്ടയം/തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു. കൊച്ചിയില്‍ ആഘോഷത്തിനിടയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു.
എരുമേലി -പമ്പാ പാതയില്‍ ശബരിമല തീര്‍ത്ഥാടകാരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവര്‍ രാജു (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ കണമല അട്ടിവളവില്‍ ആയിരുന്നു അപകടം. ആന്ധ്രാ പ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാജുവിന്റെ മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാര്‍ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ ഫൈസല്‍ കാറില്‍ ഇരിക്കുകയായിരുന്നു. പിന്നാലെ, കാര്‍ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. അബദ്ധത്തില്‍ ഗിയറില്‍ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
തിരുവനന്തപുരം വഴയില ആറാംകല്ലില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അരുവിക്കര ഇരുമമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കാണ് അപകടത്തില്‍ പരിക്കേറ്റ ഷാലു ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഷാലുവിന്റെ കൂടെയുണ്ടായിരുന്ന യുവാവിന്റെ നില ?ഗുരുതരമാണ്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.