യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പിടിയിൽ. റെയിൽവേ മെക്കാനിക്ക് ജീവനക്കാരൻ സെന്തിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ആറ് വർഷമായി ഇയാൾ യാത്രക്കാരിൽ നിന്ന് ബാഗുകൾ മോഷ്ടിക്കുന്നുണ്ട്.മധുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം.ഇയാളുടെ മുറിയിൽ നിന്ന് കണ്ടെത്തിയത് ഇരുന്നൂറിലധികം ബാഗുകളാണ്. 30 പവൻ സ്വർണവും 30 ഫോണും 9 ലാപ്ടോപ്പും 2 ഐപാഡും കണ്ടെത്തി.മധുരൈ, കാരൂർ, വിരുദാചലം , ഈറോഡ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിലാക്കിയത്.

ഡിസംബർ 28 ന് വെല്ലൂരിലെ മകൻ്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ മധുര റെയിൽവേ ജംഗ്ഷനിൽ വെച്ച് ഒരാൾ തൻ്റെ ബാഗ് മോഷ്ടിച്ചതായി ജെസു മേരി (75) എന്ന വൃദ്ധ മധുര ജിആർപിക്ക് നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. റെയിൽ ഓവർ ബ്രിഡ്ജിൻ്റെ പടികൾ കയറാൻ പാടുപെടുന്നതിനിടയിൽ ഒരു മനുഷ്യൻ സഹായിക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ബാഗുമായി കടന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബാഗുമായി ഇയാൾ രക്ഷപ്പെടുന്നത് കണ്ടെത്തി.കേസ് അന്വേഷിച്ച റെയിൽവേ പൊലീസ് സംഘം ഇറോഡ് റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ വിഭാഗത്തിലെ ഹെൽപ്പറായ ആർ സെന്തിൽകുമാറിനെ തിരിച്ചറിഞ്ഞു. എച്ച്എംഎസ് കോളനിയിലെ ഇയാളുടെ വീട്ടിലെത്തിയ സംഘം ഇയാളെ കണ്ടെത്തി. യാത്രക്കാരിൽ നിന്ന് മോഷ്ടിച്ച എല്ലാ ബാഗുകളും സുരക്ഷിതമാക്കാൻ പ്രത്യേക റാക്ക് നിർമ്മിച്ചതായും കണ്ടെത്തി.ബാഗുകൾ പരിശോധിച്ചപ്പോൾ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് സാധനങ്ങളും പൊലീസ് കണ്ടെടുത്തു. ഇറോഡിൽ താമസിച്ചിരുന്ന വീട്ടിലും സമാനമായ സംവിധാനമുണ്ടായിരുന്നു. മോഷ്ടിച്ച സാധനങ്ങളൊന്നും വിറ്റില്ലെങ്കിലും അവ ഉപയോഗിക്കുകയായിരുന്നു. ഐപാഡുകൾ, ചാർജറുകൾ, ഹെഡ്‌സെറ്റുകൾ, പാദരക്ഷകൾ എന്നിവയും ഇയാളുടെ രണ്ട് വീടുകളിൽ നിന്ന് കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *