കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനകളുള്ളതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബഹനാന്‍ ആണ് നിലവില്‍ ചാലക്കുടിയുടെ എംപി.
2014 ല്‍ അപ്രതീക്ഷിതമായി ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതുപോലെ, അവസാന നിമിഷം മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും, ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി സൂചിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.