
ലൈംഗിക പീഡനപരാതിയില്‍ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.നേരത്തെ മുകേഷിനെതിരെ തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു നടിയുടെ പരാതി. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്