ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മിഹിര്‍ മുന്‍പ് പഠിച്ച ഇന്‍ഫോപാര്‍ക്ക് ജെംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസന്വേഷണം നടത്തുന്ന ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വൈസ് പ്രിന്‍സിപ്പലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.മുന്‍പ് പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് അമ്മ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിഹിര്‍ മുന്‍പ് പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എംബിഎക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇദ്ദേഹം സ്‌കൂള്‍ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നതിനൊന്നും വ്യക്തമായ ഉത്തരം പൊലീസിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇനിയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ ബസില്‍വെച്ച് അതിക്രൂരമായ പീഡനം മിഹിറിന് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്‌ളഷ് ചെയ്തും അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതിന് പുറമേ ടോയ്‌ലറ്റില്‍ നക്കിച്ചു.

Leave a Reply

Your email address will not be published. Required fields are marked *