
ആകെ 3.42 കോടി രൂപയുടെറോഡ് നിർമ്മാണ പ്രവൃത്തികളാണ് നന്മണ്ട ഗ്രാമപഞ്ചായത്തിൽ നടക്കുന്നതെന്നും ഇത് നന്മണ്ടയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നന്മണ്ട-തിരുവാലിൽ-ഞോറക്കുളം റോഡ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവകേരളസദസ്സിൽ നൽകിയ അപേക്ഷ പ്രകാരം മൂന്ന് റോഡുകളാണ് ഗ്രാമപഞ്ചായത്തിൽ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഗ്രാമീണ റോഡ് പദ്ധതിയിൽ 9 റോഡുകൾക്കായി 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ആകെ റോഡുകൾക്ക് മാത്രമായി 3.42 കോടി രൂപ ലഭിച്ചു.ഇതിനുപുറമേ നവകേരള സദസ്സിൽ ഉന്നയിച്ചതിനെ തുടർന്ന് കൊളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 50 ലക്ഷം രൂപയുടെ കെട്ടിടം സാധ്യമായി. നവകേരള സദസ്സ് മുഖേന മാത്രം നന്മണ്ടയിൽ1.25 കോടിയുടെ വികസന പ്രവൃത്തി നടന്നു. നവകേരള സദസ്സ് കൊണ്ട് നാട്ടുകാർക്ക് എന്ത് നേട്ടമുണ്ടായി എന്നതിന്റെ ഉത്തരമാണിത്, മന്ത്രി വിശദീകരിച്ചു. ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കി മറ്റു പ്രദേശങ്ങളിലേത് പോലെ ആധുനിക സൗകര്യങ്ങൾ നാട്ടിൻപുറങ്ങളിലും ലഭ്യമാക്കണമെന്നാണ് സർക്കാർ നിലപാട്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചത്. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി കെ രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രതിഭ രവീന്ദ്രൻ, കുണ്ടൂർ ബിജു എന്നിവർ സംസാരിച്ചു. വാർഡ് അംഗം സമീറ ഉള്ളാറാട്ട് സ്വാഗതവും പി സി ശശിധരൻ നന്ദിയും പറഞ്ഞു.