
ബേപ്പൂര്‍ മണ്ഡലത്തില്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അരക്കിണര്‍-റെയില്‍വേ ലൈന്‍ ലിങ്ക്‌റോഡ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമാവുന്ന പദ്ധതികള്‍ നടപ്പാക്കലാണ് യഥാര്‍ത്ഥ വികസനമെന്നും നാട്ടില്‍ പുതിയ ഒരു റോഡ് നിര്‍മിക്കപ്പെടുമ്പോള്‍ അതാണ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ എല്ലാ വിഭാഗം ആളുകളുമായും സഹകരിച്ച് മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ റോഡുകളും സ്‌കൂളുകളും ആശുപത്രികളും ഓവുചാലുകളും മറ്റുമായി നടക്കുന്ന 30-ലധികം നിര്‍മാണ പ്രവൃത്തികളില്‍ മിക്കവയും ഇതിനകം പൂര്‍ത്തീകരിക്കാനായി.
നാല് ഇടങ്ങളില്‍ 10 ലക്ഷം രൂപയുടെ ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. തീരദേശ റോഡ് നവീകരണത്തിന്റെ ഭാഗമായി എട്ട് റോഡുകള്‍ക്ക് 2.79 കോടി രൂപ അനുവദിച്ചു. ജനങ്ങളുടെ ചിരകാല ആവശ്യമായ ബേപ്പുര്‍ പുലിമുട്ട്-വട്ടക്കിണര്‍ റോഡും ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡും വീതികൂട്ടി നവീകരിക്കുന്നതിനായി യഥാക്രമം 36.67 കോടിയും 11.50 കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
250 കോടി രൂപ ചെലവില്‍ ചെറുവണ്ണൂരിലും വട്ടക്കിണറിലും നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളുടെ പ്രവൃത്തി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പരിപാടിയിൽ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ടി കെ ഷെമീന അധ്യക്ഷയായി. അസി. എന്‍ജിനീയര്‍ കെ ഫാസില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബേപ്പൂര്‍ മണ്ഡലം ഡവലപ്‌മെന്റ് മിഷന്‍ ഡയറക്ടര്‍ ടി രാധാഗോപി, പി രാധാകൃഷ്ണന്‍, ടി എ അസീസ്, പി അജ്നാസ്, സി നൗഫല്‍, ടി കെ ഷിംജിഷ്, കെ നൂഹ്, കെ മുഹമ്മദാലി, എന്‍ പി ജംഷീര്‍, പി കെ നസീര്‍, സി എം മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു. മുന്‍ കൗണ്‍സിലര്‍ പി പി ബീരാന്‍ കോയ സ്വാഗതവും ടി പി സൂരജ് നന്ദിയും പറഞ്ഞു.