
സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷ പരിപാടിക്കിടെ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. കോഴിക്കോട് പുതിയപാലം സ്വദേശികളായ റദുല്‍, അക്ഷയ് എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. ഭീഷണിപ്പെടുത്തല്‍, ശാരീരികമായി കൈയേറ്റം ചെയ്യല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ ഉള്‍പ്പെടെ ആറു വകുപ്പുകളിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ശനിയാഴ്ച നടന്ന വാര്‍ഷികാഘോഷ പരിപാടിക്കിടെ വൈകീട്ട് അഞ്ചിനാണ് ഇരുവരും സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി ജീവനക്കാരെ മര്‍ദിച്ചത്. സ്‌കൂളിന് പുറത്തുനിന്നുള്ള ഇരുവരും പ്രവേശിച്ചതോടെ പരിപാടി അലങ്കോലമായി. സെക്യൂരിറ്റിയും അധ്യാപകരും ചേര്‍ന്ന് ഇരുവരോടും പുറത്തിറങ്ങാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ വാക്കുതര്‍ക്കം കയ്യാങ്കളിയായി മാറി. തീര്‍ത്തു കളയുമെന്ന് യുവാക്കള്‍ ഭീഷണി മുഴക്കി. സംഗതി വഷളായതോടെ കസബ പോലീസ് സ്‌കൂളിലെത്തി. ചുറ്റും പോലീസ് നില്‍ക്കെയും അധ്യാപകര്‍ക്ക് നേരെ അസഭ്യംപറയുകയും വധഭീഷണി മുഴക്കുകയുംചെയ്തു.
പിടിഎ പ്രസിഡന്റ് വിജയന്‍, സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രന്‍, ഓഫീസ് പ്രതിനിധി സഞ്ജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്നുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമം നടത്തിയവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിതരണം ചെയ്യുന്നതായി സംശയമുണ്ടെന്ന് പിടിഎ പ്രസിഡണ്ട് വിജയന്‍ പറഞ്ഞു