
ആലപ്പുഴ മാന്നാർ ചെന്നിത്തലയിൽ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രതിയെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. വൃദ്ധ ദമ്പതികളായ കോട്ടമുറിയിൽ 92 കാരൻ രാഘവന്റെയും ഭാര്യ 84 കാരി ഭാരതിയെയുമാണ് സ്വന്തം മകനായ ഇയാൾ സ്വത്ത് എഴുതി നൽകാത്തതിൻ്റെ പേരിൽ തീയിട്ട് ചുട്ടുകൊന്നത്.കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്‍റെ പദ്ധതി. എന്നാൽ, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പ്രതി മാതാപിതാക്കള്‍ക്കൊപ്പം ഇയാൾ താമസം തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയത്. വീടിന് തീയിടുന്നതിനായി പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേസിൽ നിർണായക തെളിവായി.