ഇടുക്കി: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ തക്കം നോക്കി ചെടിച്ചട്ടിയിൽ സൂക്ഷിച്ച താക്കോലുപയോഗിച്ച് വീട് തുറന്ന് 16 ലക്ഷം രൂപ കവർന്നു. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഫെബ്രുവരി 14-ന് രാത്രി എട്ടരയോടെയാണ് സംഭവം. അടുത്തുള്ള സ്ഥാപനവും വീടും ഒരു കെട്ടിടത്തിലാണ്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ വീടിന് പുറത്തെ ചെടിച്ചട്ടിയിൽ ഒളിപ്പിച്ചുവെച്ചിരുന്നു. ഇതറിയാവുന്ന മോഷ്ടാവ്, താഴത്തെ നിലയിലെ സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി അകത്തുകയറുകയും മുകൾ നിലയിലെത്തി താക്കോലെടുത്ത് വീട് തുറക്കുകയുമായിരുന്നു. അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകൾ മാത്രമാണ് മോഷണം പോയത്. മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടാവ് തൊട്ടിട്ടില്ല.

രണ്ടുദിവസത്തിന് ശേഷം ഫെബ്രുവരി 16-നാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പള്ളിപ്പെരുന്നാളിന് പോയ സമയത്താണ് മോഷണം നടന്നതെന്ന് വ്യക്തമായത്. മുഖം മറച്ചും വിരലടയാളം പതിയാതിരിക്കാൻ കൈയുറകൾ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്. വീടിനെക്കുറിച്ചും താക്കോൽ വെക്കുന്ന സ്ഥലത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ള വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *