കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്. രഞ്ജിത്ത് നടത്തിയത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും കാണിച്ച് പ്രതിഭാഗം അഭിഭാഷകൻ ആരോഗ്യനില പരിഗണിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.

കസ്റ്റഡി കാലാവധി ലഭിച്ചതോടെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പായിരിക്കും പോലീസിന്റെ അടുത്ത നീക്കം. പീഡനശ്രമം നടന്നുവെന്ന് പറയുന്ന ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിലെ കാരവനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. നേരത്തെ രഞ്ജിത്തിനായി വക്കാലത്തെടുത്ത അഭിഭാഷകൻ അഡ്വ. മുഹമ്മദ് സിയാദ് വിവാദങ്ങളെത്തുടർന്ന് പിന്മാറിയതോടെ, മുതിർന്ന അഭിഭാഷകൻ അഡ്വ. എസ്. രാജീവാണ് ഇപ്പോൾ പ്രതിഭാഗത്തിനായി കോടതിയിൽ ഹാജരായത്.

കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. സിനിമയുടെ ആവശ്യത്തിനായി കാരവാനിൽ രഞ്ജിത്തിനെ കാണാൻ എത്തിയപ്പോൾ അതിക്രമം നേരിട്ടെന്നും, ഇതിനെത്തുടർന്നുണ്ടായ മാനസികാഘാതത്തിൽ നിന്ന് കൗൺസിലിംഗിലൂടെ പുറത്തുവന്ന ശേഷമാണ് പരാതി നൽകിയതെന്നും നടി വ്യക്തമാക്കി. നടിയുടെ രഹസ്യമൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *