ന്യൂ ഡൽഹി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ (നവംബർ 5) പരിഗണിക്കും. ഹർജിയിൽ ഇന്ന് തന്നെ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ വഴിയാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ സർവകലാശാല സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയോട് നിർദ്ദേശിക്കാൻ കോടതികൾക്ക് ആകില്ലെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുൻ വി.സി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്‌പെൻഷനിലായ 10 എസ്.എഫ്.ഐ പ്രവർത്തകരാണ് പരീക്ഷയെഴുതാൻ അനുമതി തേടി കോടതിയിലെത്തിയത്. ഡിവിഷൻ ബെഞ്ചിന്റെ നടപടി മനുഷ്യത്വവിരുദ്ധമാണെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *