തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിജയം കണ്ണൂരില്‍ എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചത് യുഡിഎഫിന്റെ വിജയത്തിന്റെ വലിപ്പം വ്യക്തമാക്കുന്നതാണെന്നും പയ്യന്നൂരില്‍ മെറിറ്റ് മറന്ന് സിപിഐഎം പ്രതിക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നും സണ്ണി ജോസഫ് പറഞ്ഞു.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടര്‍മാര്‍ക്ക് കെപിസിസിയുടെ നന്ദി. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് ജനം വിധിയെഴുതിയത്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ തെരഞ്ഞെടുപ്പ് ഫലം സഹായിക്കും. ഭരണവിരുദ്ധ വികാരം തന്നെയാണ് യുഡിഎഫ് തരംഗത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പ്രതീക്ഷിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. മുഖ്യമന്ത്രി ആരാകും എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം പിണറായി വിജയന്‍ പരാജയപ്പെട്ട ആളല്ലേ എന്നും അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് ആക്കാതിരിക്കുന്നതാണ് എല്‍ ഡി എഫിന് നല്ലതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

സ്വര്‍ണക്കടത്ത്, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുകളില്‍ പുതിയ സര്‍ക്കാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും. യഥാര്‍ഥ പ്രതികളെ കണ്ടെത്തുമെന്നും വയനാട് പുനരധിവാസത്തിന് ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ അഭിപ്രായം തേടാന്‍ ഒരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലേക്ക് ഹൈക്കമാന്‍ഡ് നിരീക്ഷകരെ അയക്കും. എംഎല്‍എമാരുടെ അഭിപ്രായം തേടും. നിരീക്ഷകരായി ആരെ നിയമിക്കും എന്നത് ഇന്ന് തീരുമാനിക്കും. കെഎസി വേണുഗോപാല്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ തീരുമാനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *