കോഴിക്കോട്: കഴിഞ്ഞ തവണ തങ്ങളുടെ കൈകളിൽ നിന്ന് വഴുതി മാറിയ രണ്ട് മണ്ഡലങ്ങളും ഇപ്രാവശ്യം തിരിച്ചു പിടിക്കുമെന്ന മുസ്‌ലിം ലീഗിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ വിജയമാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ
യും കുന്ദമംഗലത്തിലെയും വിജയം.
മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്ത് നടപ്പിലാക്കിയതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ ആ പ്രവർത്തനത്തിന് വൻ റിസൾട്ടും കിട്ടി.
പ്രദേശത്തുകാരനും യുവാവുമായ ലിൻ്റോ ജോസഫിനെ ഇറക്കി കഴിഞ്ഞ തവണ സി. പി. എം പിടിച്ചെടുത്ത തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡൻ്റ്റും സാമുദായിക നേതൃത്വങ്ങളുമായി ഏറെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന സി.കെ. കാസിമിലൂടെയാണ് ലീഗും യു.ഡി. എഫും തിരിച്ചു പിടിച്ചത്. അതും ഇടപെടൽ കൊണ്ടും മറ്റും തിരുവമ്പാടിയിലെ ജനങ്ങൾക്കിടയിൽ ഏറെ മതിപ്പുളവാക്കിയ ലിൻ്റോയെ തോല്പിച്ചുകൊണ്ടാണെന്നതാണ് ഇതിൻ്റെ തിളക്കം കൂട്ടുന്നത്. അങ്ങനെ യു ഡി എഫിൻ്റെ ഒരു സ്ഥിരം മണ്ഡലം വീണ്ടും അവരുടെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുവാൻ മുസ്‌ലിം ലീഗിനു കഴിഞ്ഞു.
ഇതേ പോലെ തന്നെയാണ് രണ്ടാം മത്സരത്തിനിറങ്ങി കുന്ദമംഗലം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്റ് എം. ഏ റസാഖ് മാഷിലൂടെ പിടിച്ചടക്കിയതും . നാലാം മത്സരത്തിനിറങ്ങിയ അതികായനായ പി. ടി. ഏ റഹീമിനെയാണ് 13, 313 വോട്ടുകൾക്ക് പരാജയപ്പെടുത്തി റസാഖ് മാഷ് വിജയക്കൊടി പാറിച്ചത്. കോഴിക്കോട് ജില്ലയിൽ യു.ഡി. എഫ് വിദൂര സാധ്യത കല്പിച്ച ഒരു മണ്ഡലം കൂടിയായിരുന്നിതെന്നറിയുമ്പോഴാണ് ഈ വിജയത്തിന് തിളക്കം കൂടുന്നത്.
എന്നാൽ ഈ രണ്ട് മിന്നും വിജയങ്ങൾക്ക് പിന്നിലും അണിയറയിൽ ദിശബ്ദമായി പ്രവർത്തിച്ച ഒരു കരം കൂടിയുണ്ടെന്നുള്ളത്, യു.ഡി എഫിൻ്റെ പ്രവർത്തകർക്ക് അറിയാമെങ്കിലും പൊതുജനങ്ങളിൽ ഭൂരിഭാഗത്തിനുമറിയാത്ത സംഗതിയായിരുന്നു. അതാണ് സി.പി. ചെറിയ മുഹമ്മദ് എന്ന സംഘാടകൻ. മുസ്‌ലിം ലീഗിൻ്റെ അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനായും പിന്നീട് മുസ്‌ലിം ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിമാരിലൊരാളായും കർമ മണ്ഡലത്തിൽ സജീവമായി നില്ക്കുന്ന സി.പി. ചെറിയ മുഹമ്മദാണിത്.
കഴിഞ്ഞ പ്രാവശ്യം തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു ചെറിയ മുഹമ്മദ്. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്നാൽ അന്ന് തനിക്ക് വീണ്ടെടുക്കാൻ കഴിയാത്ത
ഈ മണ്ഡലം അടുത്ത പ്രാവശ്യമെങ്കിലും തിരിച്ചു പിടിക്കുമെന്ന് ഇദ്ദേഹം ശപഥം ചെയ്തിരുന്നു. നിശബ്ദമായി അദ്ദേഹം അന്നേ ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. മണ്ഡലത്തിലെ താമസക്കാരൻ കൂടിയായ ഈ നേതാവിൻ്റെ അണിയറയിലിരുന്നു കൊണ്ടുള്ള വർഷങ്ങളായുള്ള പ്രവർത്തനത്തിൻ്റെ ഒന്നാമത്തെ വിജയമാണ് തിരുവമ്പാടിയിലൂടെ ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെങ്കിൽ,
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്ന നിലക്ക് കഴിഞ്ഞ പ്രാവശ്യം കൈവിട്ടുപോയ കുന്ദമംഗലം സീറ്റ് തിരിച്ചു പിടിക്കുകയെന്ന ഉത്തരവാദിത്വം പാർട്ടി സംസ്ഥാന കമ്മിറ്റി ഏല്പിക്കുകയായിരുന്നു ഇദ്ദേഹത്തെ. നാലാമത്തെ പ്രാവശ്യം ജനവിധി തേടുന്ന ഒരു ജനപ്രതിനിധി എന്നനിലക്ക് പി.ടി.ഏ റഹീമിൻ്റെ മണ്ഡലത്തിലുടനീളം വോട്ടർമാരോട് വ്യക്തിപരമായി പോലുമുള്ള അടുപ്പത്തെ തിരിച്ച് ഐക്യമുന്നണി പാളയത്തിലേക്കെത്തിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു അണിയറയിലിരുന്നു സി.പി ക്ക് നിർവഹിക്കുവാനുണ്ടായിരുന്നത്. ഇപ്പോൾ കുന്ദമംഗലത്തെ ഗംഭീര വിജയത്തിൽ യു.ഡി. എഫ് ഒന്നാകെ ആഹ്ലാദത്തിലാകു മ്പോൾ , സി.പി. എന്ന അനേകം പതിറ്റാണ്ടുകൾ പ്രവർത്തന പാരമ്പര്യമുള്ള നേതാവിൻ്റെ കിരീടത്തിൽ രണ്ടാമത്തെ പൊൻതൂവലുകൂടിയായതു മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *