നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന ‘സിഎംഒ മീഡിയ’ എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ‘ഒപ്പോസിഷൻ മീഡിയ’ എന്നാക്കി മാറ്റി. പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് മാറുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. അദ്ദേഹം വിമുഖത കാണിച്ചാൽ കെ എൻ ബാലഗോപാലിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങുന്ന പിണറായി വിജയൻ എകെജി സെന്ററിന് സമീപത്തെ ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറ്റും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാത്ത അദ്ദേഹം നാളത്തെ യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കിയേക്കും.
വൻ സുരക്ഷാ സന്നാഹങ്ങളും വാഹനവ്യൂഹങ്ങളുമില്ലാതെയാണ് ഇന്ന് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് മടങ്ങിയത്.
