കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ മര്‍ദിച്ചയാളെ പശ്ചിമ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്ത എന്നയാളാണ് പിടിയിലായത്. ഹൗറ നഗരത്തിലാണ് സംഭവം.
തെരുവ് കച്ചവടക്കാരനെയും ഓട്ടോ റിക്ഷാ ഡ്രൈവറെയുമാണ് ഇയാള്‍ ‘ജയ് ശ്രീ റാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചത്. വടിയുമായി ഇയാള്‍ ഉപദ്രവിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. എനിക്കറിയില്ല എന്ന് തെരുവ് കച്ചവടക്കാരന്‍ മറുപടി പറഞ്ഞപ്പോള്‍ അമിത് ദത്ത ഇയാളെ അടിക്കുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അധിക്ഷേപിച്ച് തെറിവിളിക്കുകയും ചെയ്തു. ഇവിടെ താമസിക്കരുതെന്നും പാകിസ്താനിലേക്ക് നാടുവിടണമെന്നും ഇയാള്‍ ആക്രോശിക്കുന്നുണ്ട്.
നിരവധി പേരാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
