രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിച്ചതിന്‍റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംപിയായ മുഹമ്മദ് ഫൈസലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഹംദുല്ല സെയ്‌ദ് ലക്ഷദ്വീപില്‍ ജയിച്ചുകയറിയത്. ബിജെപി പിന്തുണയില്‍ മത്സരിച്ച ടി.പി യൂസഫിന് കെട്ടിവച്ച കാശുപോലും നഷ്ടമായി.10 ദ്വീപുകളിലായി 55 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 57,784 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ 6 റൗണ്ടില്‍ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചെത്തി. 2647 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ഹംദുല്ല സെയ്‌ദ് ജയിച്ചു കയറിയത്. സെയ്‌ദ് 25726 വോട്ട് നേടിയപ്പോള്‍, എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന്‍റെ സിറ്റിംഗ് എംപി പിപി മുഹമ്മദ് ഫൈസലിന് 23079 വോട്ട് ലഭിച്ചു. ബിജെപി പിന്തുണയില്‍ മത്സരിച്ച എന്‍സിപി അജിത് പവാര്‍ പക്ഷം സ്ഥാനാര്‍ഥി ടി.പി യൂസഫിന് 201 വോട്ട് മാത്രമാണ് ലഭിച്ചത്. കെട്ടിവച്ച കാശ് പോലും എൻഡിഎയ്ക്ക് ലഭിച്ചില്ല. 2014 ലും 2019ലും ഇവിടെ ജയിച്ചുകയറിയ മുഹമ്മദ് ഫൈസലിന് കില്‍ത്താനിലും അമിനിയിലും, കല്‍പ്പേനിയിലും മാത്രമാണ് മുന്നിട്ട് നില്‍ക്കാനായത്. സ്വന്തം ദ്വീപായ അന്ത്രോത്ത് പോലും കൈവിട്ടു.ആരോഗ്യ രംഗത്തടക്കം അടിസ്ഥാന സൗകര്യങ്ങളിൽ പോലും ഏറെ പിന്നിലായ ദ്വീപിനായി വാഗ്ദാനം നല്‍കിയതൊന്നും ചെയ്തില്ല, പ്രതിസന്ധി കാലത്ത് ദ്വീപ് ജനതയ്ക്കു വേണ്ടി ഒന്നും ചെയ്തില്ല എന്നീ വിമ‍ര്‍ശനങ്ങളും ബിജെപിയിലേക്കെന്ന പ്രചാരണവും കൊഴുത്തതോടെയാണ് ഫൈസലിന് ദ്വീപ് കൈവിട്ടത്. 2009ല്‍ 26 വയസിന്റെ ചുറുചുറുക്കില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ലക്ഷദ്വീപിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച വ്യക്തിയാണ് ഹംദുല്ല സെയ്ദ്. മുൻ എംപി പിഎം സെയ്‌ദിന്റെ മകനായ ഇദ്ദേഹത്തിന് പക്ഷെ, 2014 ലും 2019 ലും കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു.അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ ദ്വീപ് ജനത ദുരിതത്തിലായപ്പോള്‍ ലക്ഷദ്വീപ് ഫോറമടക്കം രൂപീകരിച്ച് ജനങ്ങള്‍ക്കൊപ്പം നിന്നതും, നിയമപോരാട്ടങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതുമെല്ലാം ഹംദുല്ല സെയ്‌ദിന് ഗുണം ചെയ്തു. ബിജെപിയോടുള്ള ദ്വീപ് ജനതയുടെ വലിയ എതിര്‍പ്പാണ് നാട്ടിലെ അറിയപ്പെടുന്ന മതപണ്ഡിതനായിട്ടുപോലും ടിപി യൂസഫിന്‍റെ ദയനീയ തോല്‍വിക്ക് വഴിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *