കൊച്ചി: നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തുന്നു. റെന്നി ജോസഫ്, മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ് സാന്ദ്രാ തോമസിനെതിരെ ഭീഷണി മുഴക്കിയത്.

ഭീഷണി സന്ദേശത്തില്‍ പറയുന്നത്-

‘ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ… നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ കളയുമെന്ന് ഞാന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പന്‍ തോമസിനെ എടുക്കുമെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവള്‍ വേദനിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവള്‍. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ. ഇത്രയെ പറയാനുള്ളൂ’, എന്നാണ് റെന്നി ജോസഫ് പറയുന്നത്.

‘ഇവള് രണ്ടോ മൂന്നോ സിനിമ ചെയ്ത് മൂലയ്ക്ക് കൂടി ഇരിക്കുന്നതല്ലേ? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ബാന്‍ ചെയ്തപ്പോള്‍ അവരുടെ മാനസിക നിലതെറ്റി. അപ്പോള്‍ പിന്നെ വേറെ എവിടെയെങ്കിലും കയറണമല്ലോ? അതിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സിന്റെ തലയിലേക്ക് വെച്ച് കൊടുത്തത്. നമ്മള്‍ തീരുമാനിക്കുക. സാന്ദ്രാ തോമസ് എന്ന് പറയുന്ന സ്ത്രീ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരുടെ പടം നമ്മള്‍ ആരും ചെയ്യേണ്ട. ഫെഫ്ക്ക തീരുമാനം എടുക്കുക. ഒരു യൂണിയനില്‍പ്പെട്ടയാളും വര്‍ക്ക് ചെയ്യരുത്. അതാണ് വേണ്ടത്. അവര്‍ എവിടെയാണെന്ന് വെച്ചാല്‍ കിടന്ന് കുരയ്ക്കട്ടെ’, എന്നാണ് മുകേഷ് തൃപ്പൂണിത്തുറയുടെ ഓഡിയോ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *