
തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള (94) വിടവാങ്ങി. രണ്ട് തവണ അടൂരിൽ നിന്നും നിയമസഭാ അംഗമായിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നാണ് ജനനം. തിരുവനന്തപുരം എംജി കോളജിൽ നിന്ന് ബിഎസ്സി യിൽ ബിരുദം നേടിയാണ് പഠനം പൂർത്തിയാക്കിയത്.
കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡിസിസിയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെപിസിസി അംഗമാണ്.
1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡന്‍റായും പ്രവർത്തിച്ചു.