തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കി സന്തോഷ്‌കുമാര്‍ എം.പി. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ്‌കുമാര്‍ ആരോപിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസ് പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ നിന്ന് മാറ്റില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നിന്നതോടെ സര്‍ക്കാരും നിലപാട് കടുപ്പിച്ചു. ഗവര്‍ണര്‍ തിരുത്തിയില്ലെങ്കില്‍ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രിമാരും പ്രഖ്യാപിച്ചു. വിവാദത്തില്‍ പുതിയ കാംപയിനുമായി സിപിഐയും രംഗത്ത് എത്തി. നാളെ ദേശീയ പതാക ഉയര്‍ത്തി വ്യക്ഷ തൈകള്‍ നട്ടു കൊണ്ടുള്ള കാംപയിന് സിപിഐ തുടക്കം കുറിക്കും.ഭാരതമാതാവിന്റെ പ്രതീകം ദേശീയ പതാകയാണെന്ന ആശയം ഉയര്‍ത്തി പിടിക്കാനാണ് സിപിഐയുടെ നിര്‍ദേശം.
പരിസ്ഥിതി ദിന പരിപാടി തുടങ്ങുന്നതിന് മുമ്പ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ പരിപാടി മാറ്റിയിരുന്നു. പിന്നീട് ഗവര്‍ണര്‍ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പരിപാടി മാറ്റിയ സര്‍ക്കാര്‍ നടപടിയെ ഗവര്‍ണര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് വഴിതുറന്നത്.