
ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവത്വം തീവ്രവാദത്തിന് തക്ക മറുപടി നൽകുമെന്ന് പ്രധാനമന്ത്രി.വിനോദസഞ്ചാരം ഉപജീവനമാര്‍ഗമാക്കിയ കുതിരക്കാരന്‍ ആദിലിനെ ഭീകരര്‍ കൊലപ്പെടുത്തി, അവധി ആഘോഷിക്കാന്‍ എത്തിയ രാജ്യത്തെ പൗരന്മാരെയും ഭീകരര്‍ വധിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജമ്മുകശ്മീരിലെ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘പെഹല്‍ഗാമില്‍ ഭീകരാക്രമണം പാക്കിസ്ഥാന്‍ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമാക്കുന്നു. ജമ്മു കാശ്മീരിലെ വികസനം തടസ്സപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല. പാക്കിസ്ഥാന് ഇന്ത്യ മറുപടി കൊടുത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ഇനി ഞെട്ടി വിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാക്ക് ഭീകരരുടെ താവളങ്ങള്‍ 22 മിനിറ്റിനകം തകര്‍ത്തു. എന്നാല്‍ ഭീരുക്കളായ പാക്കിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ആക്രമിച്ചു. ക്ഷേത്രവും മസ്ജിദും ഗുരുദ്വാരകളും ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു ആക്രമണം പാക്കിസ്ഥാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് 1 ലക്ഷം രൂപ കൂടി നല്‍കും. പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് 2 ലക്ഷം രൂപ കൂടി. ഓപ്പറേഷന്‍ സിന്ധുറില്‍ ഉപയോഗിച്ച പ്രതിരോധ സംവിധാനങ്ങളെ ലോകം അഭിനന്ദിക്കുന്നുവെന്നു,” പ്രധാനമന്ത്രി പറഞ്ഞു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റയില്‍പ്പാത യാഥാര്‍ഥ്യമായെന്നും 46,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ജമ്മുകശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈഫല്‍ ടവര്‍ കാണാന്‍ ആളുകള്‍ പാരിസിലേക്ക് യാത്ര ചെയ്യുന്നു. എന്നാല്‍ ചെനാബ് റയില്‍പ്പാലം ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണിത് എന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ ചെനാബ് പാലം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.