തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ച നടപടിയെ ചൊല്ലി കെപിസിസി യോഗത്തിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സുപ്രധാന നിയമനങ്ങൾ നടത്തുമ്പോൾ കൂടുതൽ കരുതലോടെ വേണമായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികൾക്ക് വിമർശിക്കാൻ ഇടനൽകാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നുവെന്നും യോഗത്തിൽ നേതാക്കൾ ഓർമ്മിപ്പിച്ചു.

മന്ത്രിയുടെ സഹോദരി ഭർത്താവും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെയാണ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതാണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ഈ നിയമനത്തിൽ യാതൊരുവിധ നിയമപരമായ തടസ്സങ്ങളുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവാണ് ബെന്നി തോമസ്. അദ്ദേഹം മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണെന്നും തിരഞ്ഞെടുപ്പിൽ തന്റെ ചീഫ് ഏജന്റായി പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി ഈ ബന്ധം മറച്ചുവെക്കാമായിരുന്നു. എന്നാൽ അത്തരം കാപട്യങ്ങൾക്ക് താൻ തയ്യാറല്ല. ഓഫീസിൽ വരുന്നവരോടെല്ലാം അദ്ദേഹം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്താറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് സഹായിയായി കൂടെ പ്രവർത്തിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് നിലവിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *