ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ബജ്രംഗ്ദള് ശ്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രവാക്യങ്ങളുമായാണ് ബജ്രംഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി എത്തിയ ബജ്രംഗ്ദള് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം നടക്കുന്നത്. ഓരോ പ്രതിഷേധക്കാരെയും സ്കാന്‍ ചെയ്ത ശേഷമാണ് ജന്തര്‍ മന്ദറിലേക്ക് കടത്തിവിടുന്നത്. ഇതിനിടെയിലേക്ക് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അതിക്രമിച്ച് എത്തുകയായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് ബജ്രംഗ് പ്രവര്‍ത്തകര്‍ തയ്യാറായില്ല.
രാജ്യത്തെ പരീക്ഷാ ക്രമേടുകളില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നുമാണ് സിജെപിയുടെ ആവശ്യം. ഇന്ന് അഞ്ച് മണി വരെയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാന്‍ സിജെപിക്ക് അനുമതിയുള്ളത്. കോക്രോച്ചിന്റെ മുഖംമൂടി അണിഞ്ഞാണ് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ എത്തുന്നത്.
സിപിഐ ദേശീയ നേതാവ് ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. കൂടാതെ നിരവധി വിദ്യാര്‍ത്ഥികളും പ്രതിഷേധ രംഗത്തുണ്ട്. ഇതിനിടെ ആനി രാജ അടക്കമുള്ള ഇടത് നേതാക്കള്‍ ആക്രമിക്കപ്പെട്ടു. ആര്‍എസ്എസ് മുദ്രവാക്യം വിളിച്ചെത്തിയ ചിലര്‍ ആനി രാജയെ തള്ളിയിടുകയായിരുന്നു. ആര്‍എസ്എസിനെതിരെ എന്തിന് മുദ്രവാക്യം വിളിക്കുന്നുവെന്ന് ചോദിച്ചാണ് ഒരു സംഘം യുവാക്കള്‍ ആനി രാജയെ കൈയേറ്റം ചെയ്തത്.
