ബെംഗളൂരുവിൽ ചിട്ടിക്കമ്പനിനടത്തി ഒട്ടേറെപ്പേരിൽനിന്നുള്ള കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി. ഇവരുടെ പേരിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തു.ബുധനാഴ്ച മുതൽ ഇവരെ കാണാതായെന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോൺ സ്വിച്ച് ഓഫാണ്.

കമ്പനിയുടെ ഓഫീസിൽ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവർക്ക് ഇവരെപ്പറ്റി വിവരമില്ലെന്ന് പറയുന്നു. തുടർന്നാണ് നിക്ഷേപകർ പോലീസിനെ സമീപിച്ചത്. രാമമൂർത്തി നഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു.ഈ പണവുമായാണ് ഉടമകൾ മുങ്ങിയതെന്ന് ആരോപിച്ചു. കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ച വൈകീട്ടോടെ 265 പേർ പരാതിയുമായെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *