കൊച്ചി: പ്രസവശേഷം ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് സ്വന്തം നാടായ ജാര്‍ഖണ്ഡിലേക്ക് മടങ്ങും. ‘നിധി’ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പേരിട്ട കുഞ്ഞ് ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷണയില്‍ കഴിയും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കുഞ്ഞിനെ കൈമാറുന്നത്.

ജനുവരി 29 നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാസം തികയാതെയാണ് നിധി പിറന്നുവീണത്. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സാ ചിലവ് താങ്ങാനാകാതെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കുട്ടിയെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ചികിത്സ സര്‍്കകാര്‍ ഏറ്റെടുക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയും ചെയ്തു.

പിന്നീട് അങ്കമാലിയിലെ ശിശുഭവനിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കണ്ടെത്തുകയും ചെയ്തു.കുഞ്ഞ് മരിച്ചുപോയെന്നാണ് ഇരുവരും കരുതിയിരുന്നത്. കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക-സാമൂഹിക പശ്ചാത്തലം മാതാപിതാക്കള്‍ക്ക് ഇല്ലെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *