
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെഹ്രി,ഉത്തരകാശി, രുദ്ര പ്രയാഗ്, ചമോലി എന്നീ നാല് ജില്ലകൾക്കാണ് മണ്ണിടിച്ചിൽ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. ഹിമാചലിലെ മാണ്ഡിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷിംലയിലും റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ചമ്പയിലും മാണ്ഡിയിലും മേഘവിസ്ഫോടനം ഉണ്ടായിരുന്നു.
ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുകയാണ്. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഹരിയാന, ഛത്തീസ്ഗഢ് മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയും മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.