കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണം നടക്കുന്നയിടത്ത് മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി പ്രതിഭാസമോ കാരണം അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം നല്‍കിയിരുന്നത്. ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു ഇത്. യോഗ മിനിറ്റ്‌സും പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

തുരങ്കപാതയുടെ നിര്‍മ്മാണം നടക്കുന്നിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ടി സിദ്ദിഖും പ്രതികരിച്ചിരുന്നു. മുന്‍കൂട്ടി മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മാനേജറും 20-ാം തിയതി തന്നെ ഉത്തരവിറക്കിയതായിരുന്നു. പിഡബ്ല്യുഡി മന്ത്രി നേരത്തെ തന്നെ മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചതായിരുന്നു. പക്ഷെ കരാറുകാര്‍ നിര്‍ദേശം പാലിച്ചില്ല. കനത്ത മഴ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും മഴയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതൊരു ചെളി കലര്‍ന്ന മണ്ണാണ്. വ്യത്യസ്തമായ ഘടനയാണ് മണ്ണിനുളളത്. സ്‌ക്രാപ്പ് ചെയ്താണ് ആ മണ്ണ് വെച്ചിരുന്നത്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *