ഫഹദ് ഫാസിൽ, രജിഷ വിജയൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രം മലയൻകുഞ്ഞിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങൾക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയൻകുഞ്ഞ്’ തിയേറ്ററിൽ റിലീസിനെത്തിയത്

മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. 30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് മലയൻകുഞ്ഞ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഫഹദിന്റെ മറ്റൊരു മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. നിരവധി ഭാവങ്ങളുള്ള ഒരു വ്യക്തി ആണ് അനിൽ. അയൽവാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അതിജീവിക്കാനുള്ള അവന്റെ തീവ്രമായ പോരാട്ടവുമാണ് ആഖ്യാനത്തിന്റെ കാതൽ. വിക്രമിന്റെ വൻ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദ് ചിത്രമാണ്‌ മലയൻകുഞ്ഞ്.30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയന്‍കുഞ്ഞിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *