സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ നികത്താത്തതില്‍ കര്‍ശന നിലപാടുമായി കേരള ഹൈക്കോടതി. ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
‘ദേശീയ പാതകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കണം. റോഡപകടങ്ങള്‍ക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകള്‍ നഷ്ടമാകണം. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്’ – കോടതി പറഞ്ഞു.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയ കോടതി കുഴികള്‍ കണ്ടെത്തിയാല്‍ ഉത്തരവാദികളായ എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. എന്നാല്‍, അപകടങ്ങളില്‍ ഉത്തരവാദിത്തം കരാര്‍ കമ്പനിക്കെന്നും കുഴികള്‍ക്ക് കാരണം മഴയെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) കോടതിയെ അറിയിച്ചു.