മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.ആദ്യഘട്ടത്തില്‍ പൊതുമരാമത്തിന്റെ 27 ക്വാര്‍ട്ടേഴ്സുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. മൂന്ന് കിടപ്പുമുറികള്‍, വലിയ ഭക്ഷണ ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ എന്നവ ഉള്‍പ്പെട്ടതാണ് ക്വാര്‍ട്ടേഴ്സുകള്‍. ഒരു ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം പേര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍, ഫ്‌ളാറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നല്‍കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.പുനരധിവാസത്തിനായി വിട്ടുനല്‍കുന്ന കല്‍പ്പറ്റയിലെ പൊതുമരാമത്ത് ക്വാട്ടേഴ്സുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഹരീഷ് കുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനീഷ, ഓവര്‍സിയര്‍ സുബിന്‍ എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *