വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയതെന്നും തുടക്കം എവിടുന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അന്വേഷണസംഘത്തിന്‍റെ നിലപാട്.കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിൽ ആകണമെന്നും നിർദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഖാസിമിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.വ്യാജ രേഖ ചമച്ചവരെ കണ്ടെത്തേണ്ടത് അനിവാര്യമെന്നും വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്നും ഹർജിക്കാരൻ മുഹമ്മദ് ഖാസിം ആവശ്യപ്പെട്ടു. എന്നാല്‍, ആയിരത്തോളം ഫോണുകളുണ്ടാകാമെന്നും അന്വേഷണ സംഘത്തിനോട് അതെല്ലാം പരിശോധിക്കാനാവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *