ഏറെ പുതുമകള്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമിലേക്ക് മറ്റൊരു ഫീച്ചര്‍ കൂടി. ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗ് അടക്കം സാധ്യമാകുന്ന പുതിയ ടൂളുകളാണ് ഇന്‍സ്റ്റയിലേക്ക് അടുത്തതായി വരുന്നത്. അടുത്തിടെ ഏറെ പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം ആപ്പിലേക്ക് മെറ്റ കൊണ്ടുവന്നത്. ഇത്തരം അപ്‌ഡേഷനുകള്‍ തുടരും എന്ന സൂചന മെറ്റ ഇപ്പോള്‍ നല്‍കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ മെസേജ് സെക്ഷനുള്ളില്‍ ഫോട്ടോ എഡിറ്റിംഗും സ്റ്റിക്കര്‍ ക്രിയേഷനും മെറ്റ അവതരിപ്പിക്കുന്നു. മെസേജായി അയക്കും മുമ്പ് ഡയറക്ട് മെസേജിംഗ് സെക്ഷനുള്ളില്‍ ഫോട്ടോയില്‍ എഡിറ്റിംഗ് സാധ്യമാകും. നിങ്ങളുടെ ലൈബ്രറിയിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും കഴിയും. നേരത്തെ, സ്റ്റോറീസ് കംബോസറില്‍ എത്തിയിട്ട് വേണമായിരുന്നു ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് സേവ് ചെയ്യാന്‍. ഇന്‍സ്റ്റ സ്റ്റോറീസില്‍ ലഭ്യമായിട്ടുള്ള എഡിറ്റിംഗ് ടൂളിന് സമാനമായ ഫീച്ചറാണ് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് ബോക്‌സിലേക്കും വരുന്നത്. ഇമേജുകളില്‍ നിന്ന് സ്റ്റിക്കറുകള്‍ നിര്‍മിക്കാനുള്ള സംവിധാനം വാട്‌സ്ആപ്പില്‍ നിലവിലുള്ളതാണ്.ഡയറക്ട് മെസേജുകളില്‍ ചാറ്റ് തീം ചേര്‍ക്കാനുള്ള സംവിധാനവും ഇന്‍സ്റ്റഗ്രാമിലേക്ക് വരുന്നു. നോട്ട്‌സ് സെക്ഷനില്‍ പിറന്നാള്‍ കേക്ക് ഐക്കണ്‍ ചേര്‍ക്കാനുള്ള ഫീച്ചറും പ്രത്യക്ഷപ്പെടും. കഴിഞ്ഞ മാസം ഇന്ത്യയില്‍ ക്രിയേറ്റര്‍ ലാബ് ഉദ്ഘാടനത്തിനിടെ മൂന്ന് പുതിയ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. സ്റ്റോറികളില്‍ കമന്‍റുകള്‍ പബ്ലിക്കായി രേഖപ്പെടുത്താനുള്ള സംവിധാനമായിരുന്നു ഇതിലൊന്ന്. ഫോണില്‍ നിന്നുള്ള ചിത്രങ്ങള്‍ കൊണ്ടുള്ള കട്ടൗട്ടുകള്‍ ഉപയോഗിക്കാനുള്ള വഴി, ബെര്‍ത്ത്‌ഡേ നോട്ട്‌സ് എന്നിവയായിരുന്നു മറ്റുള്ളവ. ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകളും 2024ല്‍ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിയിരുന്നു. ഡയറക്ട് മെസേജിംഗ് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമം ഇന്‍സ്റ്റഗ്രാമിന്‍റെ ഭാഗത്ത് നിന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *