ഇടുക്കി പാണ്ടിപ്പാറ സ്വദേശി ചിറത്തലയാട്ട് ചാക്കോച്ചന്റെ പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചതിന്റെ പേരിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചു. അയ്യപ്പൻകോവിൽ റെയ്ഞ്ച് പരിധിയിലെ കാഞ്ചിയാർ ഫോറെസ്റ്റ് സ്റ്റേഷന് കീഴിൽ കട്ടപ്പന സെക്ഷൻ ഓഫീസ് ഒ. ആർ. 21/2026 ആയി കേസ് രജിസ്റ്റർ ചെയ്തത് വലിയ വാർത്തയായിരുന്നു. തുടർന്ന് കേസ് പരിശോധിച്ച മന്ത്രി ഷിബു ബേബി ജോൺ അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. കണ്ടുകെട്ടിയ മരങ്ങളും ആയുധങ്ങളും ഉടമസ്ഥന് തിരികെ നൽകാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
തങ്കമണി പാണ്ടിപ്പാറയിലെ സ്വന്തം സ്ഥലത്തുനിന്ന് രണ്ട് പ്ലാവ്, ഒരു മാവ്, ഒരു പാതിരി എന്നീ മരങ്ങൾ മുറിച്ചതിനാണ് 4,000 രൂപ നഷ്ടം കണക്കാക്കി കട്ടപ്പന സെക്ഷൻ ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 15,607 രൂപയുടെ തടികളും 2,200 രൂപയുടെ ആയുധങ്ങളും വനം വകുപ്പ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വിഷയം നേരിട്ട് പരിശോധിക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടുകയുമായിരുന്നു.
1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം (Special Rules) ലഭിച്ച ഭൂമിയിൽ 1986-ലെ വൃക്ഷ സംരക്ഷണ നിയമപ്രകാരവും പട്ടയ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ 10 ഇനം മരങ്ങൾ മുറിക്കുമ്പോൾ മാത്രമാണ് വനംവകുപ്പിന് കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അവകാശമുള്ളത്. ചന്ദനം, തേക്ക്, ഈട്ടി, ഇരുൾ, തേമ്പാവ്, കമ്പകം, ചെമ്പകം, ചടച്ചി, ചന്ദനവേമ്പ്, ചീനി എന്നിവയാണ് നിയമപ്രകാരം വനംവകുപ്പ് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുള്ള മരങ്ങൾ.
കർഷകർ സ്വന്തമായി നട്ടുവളർത്തുന്ന പ്ലാവ്, മാവ്, ആഞ്ഞിലി, കശുമാവ് തുടങ്ങിയ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുകയും കേസെടുക്കുകയും ചെയ്യുന്നുവെന്നന് വ്യാപകമായ പരാതികൾക്ക് ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
