ദില്ലി: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലും കനത്ത ജാഗ്രത. ദില്ലിയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ
ഡൽഹി പൊലീസ് വർധിപ്പിച്ചു. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോണിന്റെ ഔദ്യോഗിക വസതിക്കും പുറത്ത് കൂടുതൽ പോലീസ് വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ദില്ലിയിലെ പഹർഗഞ്ചിലെ ജൂതന്മാരുടെ ആരാധനാലയമായ ചബാദ് ഹൗസിന് സമീപവും സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയിലെ ഇസ്രായേൽ എംബസി. 2021-ൽ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നിരുന്നു. അന്ന് ഒരു ഇംപ്രൂവ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസാണ് (ഐഇഡി) പൊട്ടിത്തെറിച്ചത്.
അതേസമയം ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെെത്തി. യുദ്ധം ആരംഭിച്ചത് ഇസ്രായേൽ അല്ലെന്നും എന്നാൽ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ശനിയാഴ്ച ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 1600 കടന്നു.