നാഷ്ണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായി തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിൽ ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. ജമാ അത്തെ ഇസ്ലാമിയും, എഞ്ചിനിയര്‍ റഷീദിന്‍റെ പാര്‍ട്ടിയും മത്സരത്തില്‍ തകര്‍ന്നടിഞ്ഞു. രാജ്യം ഉറ്റുനോക്കിയ ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ തൂക്ക് സഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ക്രെഡിറ്റില്‍ കോണ്‍ഗ്രസിനും ആശ്വസിക്കാം. കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. കശ്മീര്‍ താഴ്വരയില്‍ ജനങ്ങള്‍ ഫറൂക്ക് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും നേതൃത്വത്തോടാണ് വിശ്വാസം കാട്ടിയത്. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി മാറുകയായിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുള്ളയും വിജയിച്ചു.
ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്. വിഘടനവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള വടക്കാന്‍ കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. പത്ത് കൊല്ലം മുന്‍പ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍ത്തിജ മുഫ്തിയുടെ പരാജയവും വന്‍ തിരിച്ചടിയായി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു.