ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ, സൗരഭ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ പ്രധാന നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാൻ ‘പ്ലാൻ ബി’ നടപ്പിലാക്കി പാർട്ടി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകും. ഇത് സംബന്ധിച്ച് അഭിജീത് ദീപ്‌കെ നേരത്തെ റെക്കോർഡ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രതിഷേധത്തിന് എത്തുന്നതിന് മുൻപ് തന്നെ നേതൃത്വത്തെ പോലീസ് കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടിക്കണ്ടാണ് ഈ മുൻകരുതൽ നടപടി. വർഷങ്ങളായി അഭിജീത് ദീപ്‌കെയുടെ വിശ്വസ്തനും അടുത്ത സഹപ്രവർത്തകനുമാണ് 35 കാരനായ അജിങ്ക്യ ഷിൻഡെ. മഹാരാഷ്ട്രയിലെ അലിബാഗ് സ്വദേശിയായ അജിങ്ക്യ, മുൻപ് ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് സി.ജെ.പി രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചു. ഡോ. ബി.ആർ. അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ അദ്ദേഹം, പൂനെയിലെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ അഭിജീത് ദീപ്‌കെയെയും മറ്റ് നേതാക്കളെയും വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും ഇത്തരത്തിലുള്ള ഏകാധിപത്യ നടപടികൾ ഉണ്ടായിരുന്നില്ലെന്നും, പോലീസിന്റെ നടപടികൾ കണ്ട് ഭയപ്പെടില്ലെന്നും ദീപ്‌കെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *