സംസ്ഥാനത്ത് കാലവര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ മഴ 61% കുറവ്. എല്ലാ ജില്ലയിലും മഴ ഏറ്റവും കുറവാണ്. കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് മഴയുടെ അളവില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവര്‍ഷം കൂടുതല്‍ പെയ്യാറുള്ള കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളില്‍ മഴ 50 ശതമാനത്തിലധികം കുറഞ്ഞു. പാലക്കാട്ട് 83% കുറവുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും വേനല്‍ മഴ കൂടുതലും കാലവര്‍ഷം കുറവുമായിരുന്നു. ഇത്തവണയും 98% അധിക വേനല്‍മഴ കിട്ടി.
9 ജില്ലകളില്‍ മഴയുടെ അളവ് തീരെ കുറഞ്ഞു. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് തമ്മില്‍ ഭേദം. കഴിഞ്ഞ തവണ സംസ്ഥാനത്ത് മഴ 16% കുറവായിരുന്നു. ഇത്തവണ ശരാശരിയിലും കുറയുമെന്നാണ് പ്രവചനം.
കടലിലെ മഴമേഘങ്ങള്‍ കരയെത്തും മുമ്പേ പെയ്യുന്നതിനാല്‍ കാലവര്‍ഷക്കാറ്റിന് വേഗത കുറയും. അതാണ് മഴ സജീവമാകാത്തത്. ഇപ്പോള്‍ ശരാശരിയേക്കാള്‍ 20% കൂടുതല്‍ മഴ കിട്ടേണ്ടതാണ്. കേരളത്തില്‍ ഏറവുമധികം മഴ ജൂലായിലാണ്. 720.1 മില്ലി മീറ്റര്‍ കിട്ടണം. 643 മില്ലി മീറ്റര്‍ ജൂണിലും. ഇത്തവണ കുറയും.
ജൂലായില്‍ മണ്‍സൂണ്‍ കാറ്റിന് വേഗമേറി മഴമേഘങ്ങള്‍ കരയിലേക്ക് വന്ന് മഴ സജീവമാകാം.
കഴിഞ്ഞ മാസം 29ന് തന്നെ കേരള തീരത്ത് കാലവര്‍ഷമെത്തിയെങ്കിലും കരയിലേക്ക് എത്താന്‍ മഴ മേഘങ്ങള്‍ മടിക്കുന്നതാണ് മഴ കുറയാന്‍ കാരണം. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായതിനാല്‍ തുടര്‍ച്ചയായി മഴമേഖങ്ങള്‍ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവര്‍ഷം ദുര്‍ബലമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മണ്‍സൂണ്‍ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങള്‍ ദുര്‍ബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
