പന്തീരാങ്കാവ് യു എ പി എ കേസിൽ ജാഗ്രതക്കുറവുണ്ടായെന്ന് സി പി എമ്മിൽ വിമർശനം.സി പി എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനവുമുയർന്നത്. പാർട്ടി അംഗങ്ങൾക്കെതിരെ യു എ പി എ ചുമത്തിയത് ജാഗ്രതക്കുറവാണെന്നായിരുന്നു വിമർശനം. പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും വിമർശനം ഉയർന്നു .
സംഭവത്തിൽ പൊലീസിന് വൻ വീഴചയുണ്ടായെന്നും, പഠിക്കാതെ കേസെടുത്തുവെന്നുമാണ് വിമർശനം.പന്തീരാങ്കാവ് യു എ പി എ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു. ഇവർക്കെതിരെ യു എ പി എ ചുമത്തിയത് സർക്കാരിനെതിരെ വ്യാപക വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലാണ് അലനെയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തൊട്ടുപിന്നാലെ എൻ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. കാര്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ മാസം എൻ ഐ എ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു.