
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി.പത്തനംതിട്ട കുമ്പഴയിൽ 2021 ഏപ്രില്‍ 5 നായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി. 5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ ചലനമറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.വിധി കേൾക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും കോടതിയിൽ എത്തിയിരുന്നു. വിധിയിൽ സന്തോഷമെന്നു കുഞ്ഞിന്റെ അമ്മ ബിൻഷലാൽ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമാകും ശിക്ഷ നടപ്പാക്കുക. പ്രതിക്ക് അപ്പീൽ പോകാനും അവസരം ഉണ്ടാകും.