ആലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി റിനാസ്, തൃശൂർ സ്വദേശി അനന്തു, എറണാകുളം സ്വദേശി അപ്പു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്നും 2.2 കിലോഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താഫിറ്റമിൻ, 334 എംഡിഎംഎ പില്ലുകൾ, 63,500 രൂപ, 5 മൊബൈൽ ഫോണുകൾ എന്നിവയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് പിടികൂടുന്നത്. നാട്ടിലുള്ള ഏജന്റുമാർ മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി ‘ഡ്രോപ്പ് സിസ്റ്റം’ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം പിടിയിലായ പ്രതികൾ നടത്തിവന്നിരുന്നത്. നമ്പറുകൾ ട്രാക്ക് ചെയ്യാതിരിക്കാനായി വെർച്വൽ നമ്പറുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്.

ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതും പ്രതികളെ പിടികൂടിയതും. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർമാരായ ഷിബു പി ബെഞ്ചമിൻ, സി.വി വേണു, ഇ.കെ അനിൽ, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, എ പി അരുൺ, വി.ബി വിപിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസര്‍ ഷൈനി, എ.ജെ വർഗീസ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *