കോതമംഗലം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്.

കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ ഇത്രയും എന്ത് വലിയ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ബസിന്റെ ‍ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു.

‘‘ഞാനും ആന്റണി ജോൺ എംഎൽഎയും പ്രസംഗിച്ചു കൊണ്ടിരിക്കെ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ഒരു വാഹനം വരുന്നത് കണ്ടു. ആദ്യം വിചാരിച്ചത് ഫയർ എൻജിൻ ഹോൺ മുഴക്കി വരികയാണെന്നാണ്. നോക്കുമ്പോൾ ഒരു പ്രൈവറ്റ് ബസ് നിറച്ച് ആളെയും വച്ച് കൊണ്ട് റോക്കറ്റ് പോകുന്നതു പോലെ അകത്തേക്ക് പോകുന്നു. എവിടെയിട്ട് ഈ ബസിനെ പിടിക്കാമെന്ന് ആലോചിച്ച് കൊണ്ടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അതിനേക്കാൾ വേഗത്തിൽ ബസ് പുറത്തേക്ക് ഹോൺ അടിച്ചു കൊണ്ട് പോകുന്നു.

ബസ് സ്റ്റാന്റിനകത്ത് എന്തിനാണ് ഇത്രയും ഹോൺ അടിക്കുന്നത്. ഫയർ എൻജിൻ ആണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ച് പോയി. എന്താണ് ഇതിങ്ങനെ പാഞ്ഞുവരുന്നത്. ബ്രേക്ക് പോയി എന്നാണ് വിചാരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ പെർമിറ്റ് പോയി എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അതിൽ വിട്ടുവീഴ്ചയില്ല. ഇത്രയും ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്.’’ – ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *