ന്യൂഡല്‍ഹി: തന്റെ കാറിന് നേരെയുണ്ടായ എസ്എഫ്‌ഐയുടെ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആക്രമണമുണ്ടായപ്പോള്‍ പൊലീസ് തടഞ്ഞില്ല. പൊലീസിനെ നിര്‍വീര്യമാക്കിയിരിക്കുകയാണ്. തനിക്ക് നേരെ അഞ്ചാം തവണയാണ് ആക്രമണമുണ്ടാകുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അക്രമികള്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ എന്തിനാണ് കാറില്‍ നിന്ന് പുറത്തിറങ്ങിയതെന്നാണ് അവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അക്രമികള്‍ കാര്‍ തകര്‍ത്ത് എന്നെ ആക്രമിക്കാന്‍ നിന്നുകൊടുക്കുകയാണോ വേണ്ടത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കിയെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.
