കണ്ണൂര്‍: റബറിന് 250 രൂപയാക്കിയാല്‍ എല്‍.ഡി.എഫിനും വോട്ട് നല്‍കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂരില്‍ കര്‍ഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തോട് നമ്മള് നേരത്തെ ആവശ്യപ്പെട്ട 300 രൂപ തന്നാല്‍ അവര്‍ക്കായിരിക്കും വോട്ട്. കോണ്‍ഗ്രസുകാര്‍ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്ക്കും. കര്ഷകന് നല്‍കാനുള്ളത് നല്‍കിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സര്‍ക്കാറുകള്‍ മാറണം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയത്. ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഇതിന്റെ പത്തിലൊന്നുപോലും വേണ്ട -ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
‘റബറിന് 300 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വലിയ വിഷമമായി പോയല്ലോ. വേണ്ട, 50 കുറക്കാം. നിങ്ങള്‍ പറഞ്ഞ 250 തന്നാല്‍ മതി. തരുമെങ്കില്‍ നിങ്ങളുടെ ഈ യാത്ര ഐതിഹാസിക യാത്രയാണ്. അല്ലെങ്കില്‍ ഈ യാത്രകൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, തിരുവനന്തപുരത്ത് അങ്ങയുടെ യാത്ര എത്തുന്നതിനു മുമ്പ് അങ്ങ് എവിടെവെച്ചു പ്രഖ്യാപിച്ചാലും കുഴപ്പമില്ല. ഒരു പ്രഖ്യാപനം ഞങ്ങള്‍ കാതോര്‍ത്തിരിക്കുകയാണ്. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, മുഖ്യമന്ത്രി നെഞ്ചില്‍ കൈവെച്ച് പറയണം, അല്ലയോ കര്‍ഷകരെ നിങ്ങള്‍ക്ക് ഞാനാണ് വാഗ്ദാനം ചെയ്തത്, റബറിന് 250 രൂപ വിലതരുമെന്ന്, നിങ്ങള്‍ക്കും ഞങ്ങള്‍ വോട്ടുതരാന്‍ തയാറാണ്’- മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
