കൊല്ലം: സന്ദീപ് വാര്യരെ ഉത്തമനായ സഖാവാക്കാന്‍ ശ്രമം നടന്നുവെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്ന ചോദ്യവും ഉയര്‍ന്നു. പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്ക് പ്രായത്തിന് പകരം വകതിരിവ് മാനദണ്ഡമാക്കണമെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.സിപിഎം കൊല്ലം ജില്ലാ സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ ആയിരുന്നു വിമര്‍ശനം.

പാര്‍ട്ടിയില്‍ വിരമിക്കല്‍ പ്രായം 75 നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്നവരെ ഉടനടി ഒഴിവാക്കണം.ഇ.പി ജയരാജന്‍, എ. കെ ബാലന്‍ വിവാദങ്ങള്‍ ഉന്നയിച്ചയിരുന്നു വിമര്‍ശനം.പൊലീസ് സ്റ്റേഷനുകളില്‍ ചെന്നാല്‍ സിപിഎമ്മുകാരെ ആട്ടി അകറ്റുകയാണ്. കോണ്‍ഗ്രസുകാര്‍ക്കും ബിജെപികാര്‍ക്കും കിട്ടുന്ന പരിഗണന പോലും ലഭിക്കുന്നില്ല. പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കള്‍ ആത്മകഥ എഴുതരുതെന്നും ആവശ്യപ്പെട്ടു. പി.ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

അതേസമയം പ്രവര്‍ത്തന റിപ്പോര്‍ട്ട് തിരിച്ചുവാങ്ങിയ അസാധാരണ നടപടിക്കും ജില്ലാ സമ്മേളനം സാക്ഷിയായി. കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് തിരികെ വാങ്ങിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രതിനിധികള്‍ പുറത്ത് നല്‍കി എന്ന വിലയിരുത്തലിലാണ് അസാധാരണമായ നടപടി.

Leave a Reply

Your email address will not be published. Required fields are marked *