ഭുവനേശ്വര്‍: ഒഡീഷയിലെ ഝാര്‍സുഗഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍, ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി ബ്രഹ്‌മിണി നദിയില്‍ എറിയുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. നദിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും മൃതദേഹത്തിന്റെ ചിലഭാഗങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

2023ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയതായും പോക്സോ കേസ് എടക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കേസില്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രതിക്ക് ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാകത്തതിനെ തുടര്‍ന്ന് പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി അമ്മായിയുടെ വീട്ടിലായിരുന്നു താമസം. അവിടെ നിന്ന് ബെഹറാമിലെ ബ്യൂട്ടി പാര്‍ലര്‍ ജോലിക്ക് പോകുകയും ചെയ്തിരുന്നു. അതിനിടെ ഡിസംബര്‍ ഏഴുമുതല്‍ പെണ്‍കുട്ടിയെ കാണാതായി.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പ്രതിയെ ഝാര്‍സുഗുഡ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *