കൊച്ചി: എസ്ഡിആര്‍എഫ് തുക വിനിയോഗം സംബന്ധിച്ച് വിശദമായ കണക്ക് കോടതിയില്‍ ഹാജരാക്കി സംസ്ഥാന സര്‍ക്കാര്‍. കണക്കുകള്‍ വിശദമായി പരിശോധിച്ച് കോടതി കുറച്ചുകൂടി വ്യക്തത വരുത്താന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. വയനാട് പുനര്‍ധിവാസത്തിന് കൂടുതല്‍ തുറന്ന മനസോടെ കേന്ദ്രം കേരളത്തെ സഹായിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ഹരജി അടുത്ത 18ന് വീണ്ടും പരിഗണിക്കും.
ആകെ 782 കോടി രൂപയായിരുന്നു കേന്ദ്രം അനുവദിച്ചത്. ഇതില്‍ 21 കോടി രൂപ മേപ്പാടി ദുരന്തത്തിന് അടിയന്തരമായി നല്‍കി. ഇനി ബാക്കിയുള്ളത് 700 കോടി രൂപ എന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതില്‍ 638 കോടി രൂപ വിനിയോഗിക്കാന്‍ നിശ്ചയിച്ചു കഴിഞ്ഞതാണ്. വേനല്‍ക്കാലത്ത് ഉള്‍പ്പെടെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ 61 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട് എന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പുനരധിവാസത്തിനു ഭൂമി വാങ്ങാന്‍ എസ്ഡിആര്‍എഫ് ചട്ടം അനുവദിക്കുന്നില്ല എന്നും കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.
ഈ കണക്കുകളില്‍ കുറച്ചുകൂടി വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തിനു കൂടി വിശ്വാസയോഗ്യമായ ഒരു ഏജന്‍സിയെ ഉപയോഗപ്പെടുത്തി ചെലവ് സംബന്ധിച്ച് വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥതവഹിക്കാനാണ് കോടതി ഇടപെടല്‍ നടത്തുന്നത്. മനുഷ്യത്വപരമായ സമീപനം വേണമെന്ന് കേന്ദ്രത്തിനും കോടതി നിര്‍ദേശം നല്‍കി.