തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിൽ ബോംബ് നിർമ്മിച്ചത് മിഥുൻ ആണെന്നും അക്ഷയും ഗോകുലും ബോംബ് നിർമ്മിക്കാൻ സഹായിച്ചുവെന്നും പൊലീസ്. ചോദ്യം ചെയ്യലിൽ ബോംബ് നിർമ്മിച്ചതായി മിഥുൻ സമ്മതിക്കുകയായിരുന്നു.കേസില്‍ മിഥുന്‍, അക്ഷയ്, ഗോകുല്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

ബോംബുമായി വന്ന സംഘം ‘പ്ലാന്‍ ബി’യും ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തല്‍. ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതനുസരിച്ച് ഒരു കാറില്‍ നാലംഗസംഘം വാളുകളുമായി വിവാഹവീടിന് സമീപത്ത് എത്തുകയും വാള്‍ വീശുകയും ചെയ്തു. കാടാച്ചിറ സ്വദേശി സനാദ്അടക്കമുള്ളവർ പോലീസ് കസ്റ്റഡിയിലാണ് . ആയുധവുമായി വന്ന കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.

കഴിഞ്ഞദിവസം അറസ്റ്റിലായ മിഥുനാണ് ബോംബ് പൊട്ടിയില്ലെങ്കില്‍ വാള്‍ ഉപയോഗിച്ചും എതിര്‍സംഘത്തെ നേരിടണമെന്ന പദ്ധതി തയ്യാറാക്കിയത്. ഇതുപ്രകാരം സുഹൃത്തായ കാടാച്ചിറ സ്വദേശി സനാദിനെ മിഥുന്‍ ഫോണില്‍വിളിച്ചു. ആയുധങ്ങളുമായി തോട്ടടയില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സനാദ് മറ്റ് മൂന്നുപേരുമായി കാറില്‍ തോട്ടടയില്‍ എത്തുകയായിരുന്നു.

വിവാഹവീട്ടിലെ തര്‍ക്കത്തിന് പിന്നാലെ തോട്ടടയിലെ സംഘത്തിനെ നേരിടാന്‍ മിഥുനും കൂട്ടാളികളും വലിയരീതിയിലുള്ള ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ‘പ്ലാന്‍ ബി’ അടക്കം ആസൂത്രണം ചെയ്ത പ്രതികള്‍, വലിയതോതിലുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടിയതെന്നും പോലീസ് കരുതുന്നു. അതിനാല്‍തന്നെ വിവാഹവീട്ടില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *