ലഹരി വില്പന നടത്തുന്നത് ചോദ്യം ചെയ്ത അയൽവാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി ചരുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. അയൽവാസിയായ ബെന്നിയുടെ ബൈക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പ്രതി തീവെച്ചത്. വീടിന് സമീപമിരുന്ന ബൈക്കിൽ തീ പടർന്നതോടെ ജനാലയും ചുമരും കത്തിനശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നുകയറി റൂമിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യയുടെ അമ്മ സാവിത്രിക്ക് അസ്വസ്ഥതയുണ്ടായി. തീയും പുകയും കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തിൽ അഖിലിനെ നേരത്തെ സംശയമുണ്ടായിരുന്നു. പ്രദേശത്ത് പ്രതി മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനെ കുടുംബം ചോദ്യം ചെയ്തിരുന്നതിലെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ഇതിനെതിരെ ബെന്നി പൊലീസിലും പരാതി നൽകി. ബെന്നിയുടെ വീട്ടിൽ പ്രതി ഇതിനുമുമ്പും ആക്രമണം നടത്തുകയും ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതിരുന്നതായും പരാതിയുണ്ട്. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. തീ പിടിച്ചതിന് പിന്നാലെ ഫൊറൻസിക് പരിശോധനയക്കം നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *